സംരക്ഷണഭിത്തി തകർന്നിട്ട് മാസങ്ങൾ; മലയോര ഹൈവേ അപകടഭീഷണിയിൽ
ഏലപ്പാറ: കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ ഏലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ഇടിഞ്ഞ സംരക്ഷണഭിത്തിയുടെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് റോഡിന്റെ ഉൾഭാഗത്തേക്ക് വിള്ളൽ രൂപപ്പെടുകയും റോഡ് വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. മഴ പെയ്യുമ്പോൾ വെള്ളം ശക്തമായി റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഏത് സമയത്തും റോഡ് ഇടിയാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.
നിലവിൽ ടാർ വീപ്പകൾ നിരത്തി ചുവപ്പ് റിബൺ കെട്ടി ഡ്രൈവർമാർക്ക് അപായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. പകലും രാത്രിയും മലയോര ഹൈവേയിലൂടെ വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യത്തിൽ അപകടസാധ്യത ഏറെയാണ്. സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന ആവശ്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാഷണൽ ഹൈവേ വിഭാഗം അടിയന്തര നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


