ഓണം വാരാഘോഷം ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍
ഇടുക്കി: ജില്ലയിലെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബർ മൂന്നു മുതല്‍ 10 വരെ വിപുലമായി ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം തൊടുപുഴയിലും നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍, ടൂറിസം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യപാരി വ്യവസായി സംഘടനകള്‍ എന്നിവർ സംയുക്തമായാണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ഓണം ടൂറിസം വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യോഗം ചേർന്ന് സംഘാടകസമിതി രൂപികരിക്കും. ജില്ലാതല ഉദ്ഘാടനത്തിന്‍റെ ഭാഗമായി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ചെറുതോണിയില്‍ പതാക ഉയർത്തും. തുടർന്ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡില്‍നിന്നു സെൻട്രല്‍ ജംഗ്ഷനിലേക്കു വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും.
നാലിനു ചെറുതോണി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം.എം. മണി, എ. രാജ, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചൻ നീറണാകുന്നേല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം 10നു വൈകുന്നേരം അഞ്ചിന് തൊടുപുഴയില്‍ നടക്കും. ഇതോടനുബന്ധിച്ച് വടംവലിയും സാംസ്കാരിക ഘോഷയാത്രയും നടക്കും. കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ഡിടിപിസി എക്സിക്യൂട്ടീവംഗങ്ങളായ സി.വി. വർഗീസ്, അനില്‍ കൂവപ്ലാക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ ,വ്യാപാരിവ്യവസായി സമിതി പ്രതിനിധികള്‍, രാഷ്‌ട്രീയ പാർട്ടി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.





