'ബ്രേക്ക് ദ ഷെല്‍' ക്യാമ്പയിൻ ഉദ്ഘാടനം
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോട് അനുബന്ധിച്ച് 'ബ്രേക്ക് ദ ഷെല്‍' ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, വാത്തിക്കുടി എഫ്. എച്ച്. സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ നിർവഹിച്ചു. “ആത്മഹത്യയെ കുറിച്ചുള്ള ധാരണകള്‍ മാറ്റാം, സഹാനുഭൂതിയും പിന്തുണയും നല്‍കാം” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. കെ.എൻ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലി രോഗനിയന്ത്രണ വിഭാഗം നോഡല്‍ ഓഫീസർ ഡോ. എസ്. സുരേഷ് വർഗീസ് വിഷയാവതരണം നടത്തി.
ക്യാമ്പെയിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ് നിർവഹിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജൂനിയർ കണ്‍സള്‍ട്ടന്റ് ഡോ. മെറിൻ പൗലോസിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കിടയിൽ പരസ്പര സഹായത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ആശയ വിനിമയ ഉപാധിയായ ഹോപ് വാള്‍ പാവനാത്മ കോളേജ് പ്രിൻസിപ്പാള്‍ സജി കെ. ജോസ് ഉദ്ഘാടനം ചെയ്തു.
'ബ്രേക്ക് ദ ഷെല്‍' ക്യാമ്പെയിനുമായി ബന്ധപ്പെട്ട് ഒരുക്കിയ സെല്‍ഫി കോർണറും ഹോപ് വാളും പരിപാടിയിൽ ശ്രദ്ധേയമായി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് വർക്കി, വാത്തിക്കുടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സനില വിജയൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. എസ്.ആർ. അമീന, വാത്തിക്കുടി മെഡിക്കല്‍ ഓഫീസർ ഡോ. നിതിൻ, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ബബിൻ ജെ തുറയ്ക്കല്‍ എന്നിവർ ആശംസകൾ നേർന്നു.
ആരോഗ്യ വിഭാഗം ജീവനക്കാർ, ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാർ, ജില്ലാ മാനസികാരോഗ്യ വിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു





