ജനഹിതം ഇന്നറിയാം : തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ജനഹിതം ഇന്നറിയാം : തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

കാത്തിരിപ്പിന് വിരാമം, മലയോരജില്ലയുടെ മനസ് ഇന്നറിയാം. രാവിലെ ഏഴിന് അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൗണ്ടിംഗ് ഹാളിലെത്തിക്കും.

Slide 1
Slide 2
Slide 3
Slide 4

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം അനുസരിച്ചാണ് വോട്ട് എണ്ണുന്നതിനുള്ള ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ പഞ്ചായത്തിന്റെയും ഒന്നാം നമ്പർ വാർഡ് മുതലാണ് എണ്ണി തുടങ്ങുക. ഒരു ടേബിളില്‍ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു അസിസ്റ്റന്റുമാണ് ഉണ്ടായിരിക്കുക. രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീർന്ന ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങള്‍ തുറന്ന് എണ്ണിത്തുടങ്ങൂ. ഒൻപത് മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാം.

വൈകിട്ടോടെ തിരഞ്ഞെടുപ്പ് ഫലം പൂർണമായും വ്യക്തമാവും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും. നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്കുകള്‍, 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, രണ്ട് നഗരസഭകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കുക.

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയില്‍ വോട്ടെണ്ണല്‍ നടപടികള്‍ക്കായി രണ്ടായിരത്തോളം ഉദ്യോഗസ്ഥരെയും

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തിയഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസില്‍ മീഡിയ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററില്‍ സജ്ജമാക്കിയ ബിഗ് സ്‌ക്രീനില്‍ ഫലം തത്സമയം അറിയാൻ കഴിയും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫലം ലഭ്യമാകുമെന്ന് കളക്ടർ പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നഗരസഭ

1. തൊടുപുഴ- സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂള്‍, തൊടുപുഴ

2. കട്ടപ്പന- ഓശാനം ഇ.എം.എച്ച്‌.എസ്.എസ്, കട്ടപ്പന

ബ്ലോക്ക് പഞ്ചായത്ത്

1. അടിമാലി- ഗവ. ഹൈസ്‌കൂള്‍, അടിമാലി

2. ദേവികുളം- ഗവ. വൊക്കേഷനല്‍ ഹയർസെക്കൻഡറി സ്‌കൂള്‍, മൂന്നാർ

3. നെടുങ്കണ്ടം- സെന്റ് സെബാസ്റ്റ്യൻസ് എച്ച്‌.എസ്.എസ്, നെടുങ്കണ്ടം

4. ഇളംദേശം- സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂള്‍, കരിമണ്ണൂർ

5. ഇടുക്കി- ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍, പൈനാവ്

6. കട്ടപ്പന- സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂള്‍, കട്ടപ്പന

7. തൊടുപുഴ- സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂള്‍, തൊടുപുഴ

8. അഴുത- മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍, പീരുമേട്