വൈബ് ഫോർ വെൽനസ്സ് ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു
ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യുവജനങ്ങൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വച്ച് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം ,കൃത്യമായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുന്നതിനും, മേൽപ്പറഞ്ഞ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
സൈക്കിൾ റാലി, സ്കേറ്റിംഗ്, ഫ്ലാഷ് മോബ് , ജിം ഷോ, ആരോഗ്യത്തിനായി ഗോൾ, IEC വാൻ, ഹെൽത്തി കുട്ടൻ മാസ്കോട്ട് എന്നിവ ഉൾപ്പെടുന്ന റാലി ഫ്ലാഗ് ഓഫ് തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു.
ആമയെ പ്രതീകമാക്കി നല്ല ആരോഗ്യം ,നല്ല ശീലം, വൈബ് ജീവിതം എന്ന സന്ദേശം പ്രചരിപ്പിച്ചത് ചടങ്ങിൽ ശ്രദ്ധ നേടി. വിവിധ സന്നദ്ധ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച കലാകായിക അഭ്യാസ പ്രകടനങ്ങൾ ചടങ്ങിൽ വേറിട്ട അനുഭവമായി.
ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 26ന് കാസർഗോഡ് നിന്ന് ആരംഭിച്ച റോഡ് ഷോ പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.
എറണാകുളം ഡി എം ഒ ഓഫീസുമായി സഹകരിച്ച് കോതമംഗലം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (MBITS) കോളേജിൽ വച്ച് സംഘടിപ്പിച്ച മെഗാ ഇവൻ്റിൽ ആശമാരുടെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ തടയുന്നതിനായുള്ള ആരോഗ്യ സന്ദേശങ്ങൾ ഉയർത്തി കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രകൃതി ദത്തമായതും പോഷക സമൃദ്ധവുമായ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം , വിദ്യാർത്ഥികളുടെ കായിക ശേഷി മെച്ചപ്പെടുത്തുന്നതിനായി ഡം ബെൽ ചലഞ്ച്, വെയ്റ്റ് ലിഫ്റ്റിംഗ് ചലഞ്ച്, ഗോളടിക്കൽ ചലഞ്ച് എന്നിവ കോളേജ് അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചത് യുവജനക്കൾക്ക് ഏറെ സ്വീകാര്യമായി
പരിപാടിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ,മറ്റു ഇതര വകുപ്പുകൾ, ബിസിനസ് വ്യവസായ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കുന്നതിനായിട്ടാണ് ജില്ലയിൽ പരിപാടി ലക്ഷ്യമിടുന്നത് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വാർഡ് കൗൺസിലർ സുബൈദ സെയ്ത് മുഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് എസ്. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇകെ ,ടെക്നിക്കൽ അസിസ്റ്റൻ്റ് ഷിജു റ്റി.കെ ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ ഷൈലാഭായി വി.ആർ, ആരോഗ്യ കേരളം ജൂണിയർ കൺസൾട്ടൻ്റ് ജിജിൽ മാത്യു ആരോഗ്യ വകുപ്പ് ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ ആശമാർ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





