ഇന്‍ഫാം രജത ജൂബിലി സമാപനം: കര്‍ഷക റാലിയും പൊതു സമ്മേളനവും നാളെ കട്ടപ്പനയില്‍

ഇന്‍ഫാം രജത ജൂബിലി സമാപനം: കര്‍ഷക റാലിയും പൊതു സമ്മേളനവും നാളെ കട്ടപ്പനയില്‍

ഇൻഫാം രജത ജൂബിലി സമാപനാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള കർഷക റാലിയും പൊതുസമ്മേളനവും നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന ഓസാനാം സ്‌കൂൾ ഗ്രൗണ്ടിലും സെന്റ് ജോർജ് ഗ്രൗണ്ടിലും നിന്നായി ആരംഭിക്കുന്ന കർഷക മഹാറാലിയിൽ 15,000ലധികം കർഷകർ പങ്കെടുക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്യും.

ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകുടി, സി.യു. ജോൺ, കാഞ്ഞിരപ്പള്ളി കർഷക ജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു, ലോറൻസ് മേഖല പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, കട്ടപ്പന ഗ്രാമസമിതി പ്രസിഡന്റ് പി.ഡി. തോമസ് പുളിക്കൽ എന്നിവർ ദീപശിഖ വഹിക്കും.

കേരളം, തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ റാലിയിൽ പങ്കെടുക്കും. ഇടുക്കിക്കവല ബൈപാസ് – ചേന്നാട്ടുമറ്റം ജംഗ്ഷൻ – തകടിയേൽ ജംഗ്ഷൻ – സെൻട്രൽ ജംഗ്ഷൻ – ഗുരുമന്ദിരം – ദീപിക ബുക്ക് ഹൗസ് റോഡ് വഴിയായി സമ്മേളന നഗരിയായ സെന്റ് ജോർജ് പാരിഷ് ഹാളിലെ ഫാ. മാത്യു വടക്കേമുറി നഗറിൽ റാലി സമാപിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും കർഷക ജില്ലാ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തും.

ഡീൻ കുര്യാക്കോസ് എം.പി., എം.എം. മണി എം.എൽ.എ., ഇൻഫാം സംസ്ഥാന ഡയറക്ടർ ജോസഫ് ജോർജ് പൊട്ടയ്ക്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തിൽ, ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, കേരള സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, തമിഴ്നാട് കർഷക ജില്ലാ പ്രസിഡന്റ് ആർ.കെ. ദാമോദരൻ, കാഞ്ഞിരപ്പള്ളി കർഷക ജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലിൽ എന്നിവർ പ്രസംഗിക്കും.

ഒരു മാസം നീണ്ടുനിൽക്കുന്ന രജത ജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി 75 വയസ് കഴിഞ്ഞ 1,500ലധികം കർഷകരെ ആദരിക്കുന്ന “വീർ കിസാൻ – ഭൂമിപുത്ര അവാർഡ്” പരിപാടി 20ന് കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ലീഡേഴ്‌സ് മീറ്റ് 23ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളിലും, കർഷക സമ്മേളനം 27ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിലും, പച്ചപ്പൊലിമ പ്രോഗ്രാം 29ന് പൊടിമറ്റം സെന്റ് ജോർജ് ഹാളിലും നടക്കും.

ഇൻഫാം ഹൈറേഞ്ച് മേഖല ഡയറക്ടർ ഫാ. റോബിൻ പത്രകാലായിൽ, ഹൈറേഞ്ച് മേഖല പ്രസിഡന്റ് സെബാസ്റ്റ്യൻ മുക്കുങ്കൽ, സെക്രട്ടറി ജോസ് വടക്കേടം, ജോസ് പതിക്കൽ, കട്ടപ്പന കർഷക താലൂക്ക് പ്രസിഡന്റ് ബേബി ജോസഫ്, പി.ഡി. തോമസ് പുളിക്കൽ, ജിസ്ബി ജോബിഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.