ഇടുക്കി നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതാണ് ഉചിതം : ജോയി വെട്ടിക്കുഴി

ഇടുക്കി നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതാണ് ഉചിതം : ജോയി വെട്ടിക്കുഴി

ഇടുക്കി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജക മണ്ഡലത്തില്‍ വിജയ സാധ്യത വര്‍ധിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇതുസംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാനതല യു.ഡി.എഫ് നേതൃത്വവും കെ.പി.സി.സി യും ചേര്‍ന്നാണ് എടുക്കേണ്ടതെന്നും, കോണ്‍ഗ്രസില്‍ ബന്ധപ്പെട്ട കമ്മിറ്റികളുടെ യോഗങ്ങള്‍ കൂടി വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ യോഗങ്ങളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ അഭ്യര്‍ത്ഥനയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നും ജോയി വെട്ടിക്കുഴി വ്യക്തമാക്കി.

ഇടുക്കി നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും നഗരസഭയിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതികളാണ് നിലവിലുള്ളത്. ഇതിന് പുറമേ ജില്ലാ പഞ്ചായത്തിലും കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സാഹചര്യവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതാണ് രാഷ്ട്രീയമായി ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

അത്തരത്തില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്നത് കോണ്‍ഗ്രസ്–യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും ജോയി വെട്ടിക്കുഴി കൂട്ടിച്ചേര്‍ത്തു.