ധനമന്ത്രി നിലപാട് വ്യക്തമാക്കണം : എൻ.ജി.ഒ അസോസിയേഷൻ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ആവശ്യപ്പെട്ടു. തൊടുപുഴയിൽ സംഘടിപ്പിച്ച ജില്ലാതല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവന സംഘടനകളുമായി വിശദമായ ചർച്ചകൾ നടത്തി 12-ാം ശമ്പളപരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്നും, ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്താ കുടിശ്ശികയും തടഞ്ഞുവെച്ച ലീവ് സറണ്ടർ ആനുകൂല്യവും അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിൽ വർധിപ്പിച്ച പ്രീമിയം നടപ്പിലാക്കരുതെന്നും എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന ട്രഷറർ വി.പി. ബോബിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.വി. ജോമോൻ, സി.എസ്. ഷെമീർ, ഷാജി ദേവസ്യ, സി.എം. രാധാകൃഷ്ണൻ, ടോണി വർഗീസ്, സഞ്ജയ് കബീർ, ഡോളിക്കുട്ടി ജോസഫ്, സാജു മാത്യു എന്നിവർ പ്രസംഗിച്ചു.





