കെ.സി.എസ്.എൽ സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടവുമായി ഇടുക്കി രൂപത
ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്കൂളിലും സെന്റ് ആൻസ് ഗേള്‍സ് ഹൈസ്കൂളിലുമായി നടന്ന കെസിഎസ്‌എല്‍ സംസ്ഥാന കലോത്സവത്തില്‍ കെസിഎസ്‌എല്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച രൂപതയായി ഇടുക്കി രൂപത തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
25 രൂപതകള്‍ പങ്കെടുത്ത സംസ്ഥാന കലോത്സവത്തില്‍ 317 പോയിന്റുകള്‍ നേടിയാണ് ഇടുക്കി രൂപത രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 12 മത്സര ഇനങ്ങളിലായി രൂപതയെ പ്രതിനിധീകരിച്ച് ഏകദേശം 150 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. ജോബി മൂലയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരഫലത്തില്‍ യുപി വിഭാഗം ഓവറോള്‍ കിരീടവും ഹയർ സെക്കൻഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും എല്‍പി വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയതോടെയാണ് ഇടുക്കി രൂപത വിജയകിരീടം സ്വന്തമാക്കിയത്.
ഇതിന് പുറമെ, സംസ്ഥാന സാഹിത്യ മത്സരത്തിലും ഇടുക്കി രൂപത മൂന്നാം സ്ഥാനം നേടി നേട്ടം ഇരട്ടിപ്പിച്ചു.





