പുളിയന്മല ക്രൈസ്റ്റ് കോളേജിൽ സംസ്ഥാനതല സൈക്കോളജി പ്രദർശനം
പുളിയന്മല: ക്രൈസ്റ്റ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല മനശാസ്ത്ര ബോധവൽക്കരണ പ്രദർശനം സംഘടിപ്പിക്കുന്നു. “ARS MENTIS” എന്ന പേരിൽ ഒരുക്കുന്ന പ്രദർശനം ജനുവരി 20, 21, 22 തീയതികളിൽ ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ നടക്കും.
മനസ്സിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയും പ്രവർത്തന രീതികളും പൊതുജനങ്ങൾക്ക് ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. മനുഷ്യന്റെ വ്യക്തിത്വവും ജീവിതപാതയും രൂപപ്പെടുത്തുന്നതിൽ മനസ്സിന്റെയും മാനസികാരോഗ്യത്തിന്റെയും നിർണായക പങ്ക് വ്യക്തമാക്കുന്ന രീതിയിലാണ് “ARS MENTIS” പ്രദർശനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജനറൽ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, അബ്നോർമൽ സൈക്കോളജി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ വിവിധ സ്റ്റാളുകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഓജോ ബോർഡ്, പരാപസൈക്കോളജി, പ്യൂസിഡോ സൈക്കോളജി സ്റ്റാളുകൾ പ്രദർശനത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരിക്കും.
കുട്ടികൾക്കും സാധാരണജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം മൂന്ന് ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്രൈസ്റ്റ് കോളേജിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.





