എസ്‌എസ്‌എൽസി പരീക്ഷ : മാതൃകാ ചോദ്യ ബുക്ക്ലെറ്റ് പുറത്തിറക്കി

എസ്‌എസ്‌എൽസി പരീക്ഷ : മാതൃകാ ചോദ്യ ബുക്ക്ലെറ്റ് പുറത്തിറക്കി

കട്ടപ്പന: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് ഫലപ്രദമായ മാർഗ്ഗനിർദ്ദേശമായി പ്രവർത്തിക്കുന്ന മാതൃകാ ചോദ്യപേപ്പർ ബുക്ക്ലെറ്റ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൺ ജോസഫിന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറോളം അധ്യാപകർ മൂന്നു മാസത്തോളം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണ് എല്ലാ വിഷയങ്ങളിലുമുള്ള മാതൃകാ ചോദ്യപേപ്പർ ബുക്ക്ലെറ്റ് തയ്യാറാക്കിയത്. പുതിയ പാഠ്യപദ്ധതിയെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യമാതൃകകളും, ഉയർന്ന തലത്തിലുള്ള ചിന്താശേഷി പരിശോധിക്കുന്ന ചോദ്യങ്ങളും ബുക്ക്ലെറ്റിന്റെ പ്രത്യേകതയാണ്.

2026ലെ എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് അനുയോജ്യമായ രീതിയിൽ പുതിയ പാറ്റേണിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഈ ക്വസ്റ്റ്യൻ ബുക്ക്ലെറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ ജില്ലാ ഓഫീസ് ഇത്തരത്തിൽ സമഗ്രമായ മോഡൽ ക്വസ്റ്റ്യൻ ബുക്ക്ലെറ്റ് പുറത്തിറക്കുന്നതെന്നും അധികൃതർ അറിയിച്ചു.

മാറിയ ചോദ്യരീതിക്ക് അനുസൃതമായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, പ്രസ്താവനാരീതി ചോദ്യങ്ങൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ചോദ്യങ്ങളും ബുക്ക്ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ സമഗ്രമായി പഠിച്ചാൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടാൻ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ.