ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ റിഹേഴ്‌സൽ: ചെറുതോണിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
ചെറുതോണി: അടിയന്തര ഘട്ടങ്ങളെയും ദുരന്ത സാഹചര്യങ്ങളെയും കാര്യക്ഷമമായി നേരിടുന്നതിനുള്ള സജ്ജത ഉറപ്പാക്കുന്ന സന്ദേശം നൽകിക്കൊണ്ട് ചെറുതോണിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
ചെറുതോണി ചെട്ടിമാട്ടകവലയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി കണക്കിലെടുത്താണ് മോക്ക് ഡ്രിൽ നടത്തിയത്. 11 മണിയോടെ അപകടം സംഭവിച്ചതായി വാഴത്തോപ്പ് പഞ്ചായത്തിൽ നിന്ന് ഇടുക്കി തഹസീൽദാരെയും, തുടർന്ന് കളക്ടറേറ്റിലെ കൺട്രോൾ റൂമിനെയും അറിയിച്ചു. പിന്നീട് വിവിധ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് വിവരം കൈമാറി.
11.08ന് പൊലീസ്, 11.09ന് ഇടുക്കി തഹസീൽദാർ, 11.10ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം, 11.16ന് ആംബുലൻസ് മെഡിക്കൽ സംഘം എന്നിവ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ആവശ്യമായി വന്നതോടെ 11.15ന് പൈനാവിൽ ക്യാമ്പ് ചെയ്തിരുന്ന ദേശീയ ദുരന്ത പ്രതികരണസേനയെ (എൻ.ഡി.ആർ.എഫ്) വിവരം അറിയിക്കുകയും 11.26ന് കൂടുതൽ ഉപകരണങ്ങളുമായി സംഘം സ്ഥലത്തെത്തുകയും ചെയ്തു.
മോക്ക് ഡ്രില്ലിൽ 15 പേർ അപകടത്തിൽപ്പെട്ടതായി കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നടത്തി. ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെടുക്കുകയും ഷെൽട്ടർ ക്യാമ്പിലേക്ക് മാറ്റുകയും, പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും, ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ സിവിൽ ഡിഫൻസ് ടീമും പങ്കെടുത്തു.
ദേശീയ ദുരന്ത പ്രതികരണസേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, ആരോഗ്യ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിന് എൻ.ഡി.ആർ.എഫ് ടീം കമാൻഡർ പ്രശാന്ത് ജി. സി, ഡെപ്യൂട്ടി കമാൻഡന്റ് സങ്കേത് ജി. പവർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യൂനസ് ടി. എ, ഹസാർഡ് അനലിസ്റ്റ് രാജീവ് ടി. ആർ എന്നിവർ നേതൃത്വം നൽകി.





