പള്ളിയുടെ കുരിശടി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു
ചേമ്പളം സെന്റ് മേരീസ് പള്ളിയുടെ കുരിശടി അജ്ഞാതർ അടിച്ചു തകർത്തു. പള്ളിയുടെ മുന്നിൽ കുമളി–മൂന്നാർ സംസ്ഥാന പാതയോരത്തുള്ള കുരിശടിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നതെന്ന് കരുതുന്നു. കുരിശടിയുടെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്ത നിലയിലായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്ത ഫ്രെയിമുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വിശ്വാസികളും നാട്ടുകാരുമാണ് സംഭവം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളിയിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.





