കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ആരംഭിച്ചു
കുട്ടിക്കാനം മരിയൻ കോളേജിൽ എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. കോളേജ് മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
സംവിധായകൻ മധുപാൽ മേള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാധ്യമപഠന വിഭാഗത്തിന്റെ പ്രസാധക സംരംഭമായ മാക്കോൺ ബുക്സിന്റെ ആദ്യ പുസ്തകമായ “ഫിലിമിക്ക് നരേറ്റീവ് ഓഫ് ഹോപ്പ്” പ്രസിദ്ധീകരിക്കുകയും ചെയ്തു.
കോളേജ് ഐ.ക്യൂ.എ.സി എക്സിക്യൂട്ടീവ് മെമ്പർ ബി. രാധാകൃഷ്ണ പിള്ള, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, അഡ്മിനിസ്‌ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം, സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ കോർഡിനേറ്റർ ഷാജി അമ്പാട്ട്, ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, ഫെബിൻ ജെയ്‌മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, അക്സാ അന്നാ ഷിബു എന്നിവർ സംസാരിച്ചു.
ഫാ. സോബി തോമസ് കന്നാലിൽ സ്വാഗതവും പ്രൊഫ. എം. വിജയകുമാർ നന്ദിയും പറഞ്ഞു.





