അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി ജില്ലയിൽ ആരംഭിച്ചു
യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു.
ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ആരോഗ്യ സ്ക്രീനിങ് നടത്തുന്നതിന് തയ്യാറാക്കിയ ആരോഗ്യ പരിശോധനാ കാർഡ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണിന് കൈമാറി.
സ്കൂൾ ഹെഡ്മിസ്ട്രസ് ജനി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശരത് ജി. റാവു സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ വിശദീകരണം നടത്തി. കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകളുടെ പ്രകാശനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ നിർവഹിച്ചു.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ്, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എൻ, ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ, യു.പി.എച്ച്.സി പാറക്കടവ് മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു, മൊബൈൽ മെഡിക്കൽ യൂണിറ്റ് തൊടുപുഴ മെഡിക്കൽ ഓഫീസറും സ്കൂൾ ഹെൽത്ത് പ്രോഗ്രാം ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ ഡോ. അയ്യപ്പദാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കവിത, യു.പി.എച്ച്.സി പാറക്കടവ് ജെ.പി.എച്ച്.എൻ രജനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു





