കുമളിയിൽ ഹിന്ദു ഏകതാ സമ്മേളനം 22ന്; സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി
കുമളി: ഹിന്ദു ഏകതാ സമിതി കുമളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22ന് കുമളിയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുമളി ഹോളിഡേ ഹോമിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ഗുരു പ്രകാശം സ്വാമികൾ നിർവഹിച്ചു.
സമ്മേളനദിനത്തിൽ കുമളി ശ്രീദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രം മേൽശാന്തി കണ്ണൻ തിരുമേനി ഭദ്രദീപം തെളിക്കും. കോവിൽമല രാജാവ് രാമൻ രാജ മന്നാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി.എൻ. ജിനു മുഖ്യപ്രഭാഷണം നിർവഹിക്കും.
സമ്മേളനത്തിന്റെ ഭാഗമായി കുമളി പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയും ക്ഷേത്ര ഭാരവാഹികളെയും സാമുദായിക സംഘടനാ നേതാക്കളെയും ഗുരു സ്വാമിമാരെയും ആദരിക്കും.
സമ്മേളന വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ചക്കുപള്ളം ശ്രീനാരായണ ധർമ്മ ആശ്രമം കാര്യദർശി ഗുരു പ്രകാശം സ്വാമികൾ മുഖ്യ രക്ഷാധികാരിയായും, സജി വെമ്പിള്ളി ചെയർമാനായും, സതീഷ് പുല്ലാട്ട്, പി.വി. സന്തോഷ് എന്നിവർ ജനറൽ കൺവീനർമാരായും, കെ.എസ്. സാബു ട്രഷററായും പ്രവർത്തിക്കും.
പരിപാടികളുടെ ഭാഗമായി യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുമളി ഡി.ടി.പി.സി ഹാളിൽ സാംസ്‌കാരിക ക്വിസ്, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.





