രജതജൂബിലി നിറവിൽ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് : 2021–2025 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാനദിനം സംഘടിപ്പിച്ചു
ഇടുക്കി: രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ 2021–2025 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദദാനദിനം നടന്നു. ചടങ്ങ് എൻട്രൻസ് പരീക്ഷാകമ്മീഷണർ ഡോ. അരുണ്‍ എസ്. നായർ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറാനും, നേടിയ അറിവ് സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
2000ൽ നാല് കോഴ്സുകളുമായി പ്രവർത്തനം ആരംഭിച്ച കോളേജ്, രജതജൂബിലി വർഷത്തിൽ ബി.ടെക്കും എം.ടെക്കും ഉൾപ്പെടെ 10 കോഴ്സുകളിലായി 1300ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമായി വളർന്നിട്ടുണ്ട്. ബി.ടെക്ക് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ആൻഡ് ബേസിക് സയൻസ്, പുതുതലമുറ കോഴ്സായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് എന്നിവയാണ് ലഭ്യമുള്ളത്.
എം.ടെക്ക് വിഭാഗത്തിൽ പവർ ഇലക്‌ട്രോണിക്സ് ആൻഡ് കൺട്രോൾ, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് എഞ്ചിനീയറിങ്, നെറ്റ്‌വർക്ക് എഞ്ചിനീയറിങ് (ഐ.ടി), വി.എൽ.എസ്.ഐ ആൻഡ് എംബഡെഡ് സിസ്റ്റംസ് എന്നീ കോഴ്സുകളും കോളേജിൽ നടപ്പിലുണ്ട്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഡോ. ഷെരീഫ് ആർ.എം, ഡോ. കെ.എസ്. സുനിൽ, പ്രൊഫ. ജിനേഷ് ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.





