പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിന്റെ എൻസിസി യൂണിറ്റ് ജില്ലയ്ക്ക് അഭിമാനം
പാറത്തോട്: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലെ എൻസിസി യൂണിറ്റ് ഇടുക്കി ജില്ലയ്ക്ക് അഭിമാനകരമായ ചരിത്രനേട്ടം കൈവരിച്ചു. കോട്ടയം ഗ്രൂപ്പിന്റെ കീഴിൽ 33 കേരള ബറ്റാലിയൻ എൻസിസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ എൻസിസി യൂണിറ്റ്, കേരള–ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ അവാർഡ് നിർണയത്തിൽ രണ്ടാം സ്ഥാനം നേടി.
ഇടുക്കി ജില്ലയിൽ നിന്ന് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സ്കൂളെന്ന പ്രത്യേകതയും പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിനുണ്ട്. കേരള–ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള അഞ്ച് ഡയറക്ടറേറ്റുകളിലായി പ്രവർത്തിക്കുന്ന 49 ബറ്റാലിയനുകളിൽ ഉൾപ്പെട്ട ആയിരത്തിലധികം സ്കൂളുകളെ പിന്നിലാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
അച്ചടക്കപരമായ പരിശീലനം, പരേഡുകൾ, വാർഷിക ക്യാമ്പുകൾ, സി.ഡബ്ല്യു.എസ് സ്കോളർഷിപ്പുകൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ദേശീയ ബോധവത്കരണ പരിപാടികൾ തുടങ്ങിയ മേഖലകളിൽ യൂണിറ്റ് കാഴ്ചവച്ച മികവാണ് പുരസ്കാരത്തിന് വഴിയൊരുക്കിയത്. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ശുചിത്വ യജ്ഞങ്ങൾ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിൽ നിർണായകമായി.
2023–24 അധ്യയന വർഷത്തിൽ കേരള–ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൽ ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ഇത്തവണയും യൂണിറ്റ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
33 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ വിക്രംജിത് സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്. വിനു, ട്രെയിനിംഗ് ജെസിഒ രാജൻ, ട്രെയിനിംഗ് എൻസിഒ ഹവിൽദാർ അഭിലാഷ് കുറുപ്പ് എന്നിവരുടെ നേതൃത്വവും മാർഗനിർദേശവുമാണ് യൂണിറ്റിന് കരുത്തായത്. ഇന്ത്യൻ ആർമിയിലെ സൈനികർ കേഡറ്റുകൾക്ക് നൽകിയ ചിട്ടയായ പരിശീലനവും അച്ചടക്കബോധവും ഈ വിജയത്തിന് ശക്തമായ പിന്തുണയായി.





