ആരോഗ്യം ആനന്ദം: കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഹോളി ക്രോസ് കോളേജിൽ
വൈവ് ഫോർ വെൽനസ്, റേസ് ടു ഹെൽത്ത് പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ ജീവിതശൈലി രോഗ നിയന്ത്രണം ലക്ഷ്യമിട്ട് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓർഗനൈസേഷൻ സപ്പോർട്ട് മീറ്റിംഗ്, എൻസിഡി സ്ക്രീനിങ് ക്യാമ്പ്, സൂംബാ കോമ്പറ്റീഷൻ, റീൽസ് മേക്കിംഗ് ആക്ടിവിറ്റി, സ്പോർട്സ് കോമ്പറ്റീഷനുകൾ എന്നിവ ഇതിലുൾപ്പെടുന്നു.
കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഫെബ്രുവരി 11 ന് രാവിലെ 10 മണിക്ക് പുറ്റടി ഹോളി ക്രോസ് കോളേജിൽ നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിംഗ് ഉദ്ഘാടനം നിർവഹിക്കും. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് അധ്യക്ഷനാകും. കോവിൽവല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായിരിക്കും.
പരിപാടിയുടെ ഭാഗമായി കണ്ണമ്പടി ട്രൈബൽ മേഖലയിലെ കലാകാരന്മാർ പാരമ്പര്യ കോലുകളിയും മറ്റ് ജനകീയ കലാപരിപാടികളും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് കോളേജ് വിദ്യാർഥികൾക്കായി സൂംബാ കോമ്പറ്റീഷനും സംഘടിപ്പിക്കും.
ഫെബ്രുവരി 13 ന് ഹോളി ക്രോസ് കോളേജിൽ വിവിധ കോളേജുകളുടെ പങ്കാളിത്തത്തോടെ വോളിബോൾ മത്സരവും ബാഡ്മിന്റൺ ടൂർണമെന്റും നടത്തും.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കട്ടപ്പനയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കും. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിക്കുന്ന ബോധവൽക്കരണ റാലി കട്ടപ്പന ടൗൺഹാളിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.






