ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് അവാര്‍ഡ് കട്ടപ്പനയ്ക്ക്

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് അവാര്‍ഡ് കട്ടപ്പനയ്ക്ക്

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള റവന്യൂ അവാര്‍ഡ് കട്ടപ്പന വില്ലേജ് ഓഫീസിന് ലഭിച്ചു. വില്ലേജ് ഓഫീസറായ പി.സി. ജയനും വകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം നേടാന്‍ കാരണമായത്. ഇന്ന് തിരുവനന്തപുരംയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങുക.

സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ സാധാരണയായി ജനങ്ങളുടെ മനസിലേക്ക് വരുന്നത് കെട്ടിക്കിടക്കുന്ന ഫയലുകളും നീണ്ട കാത്തിരിപ്പുകളും തന്നെയാണ്. എന്നാല്‍ ഈ കാഴ്‌ചപ്പാടുകളെയെല്ലാം തിരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കട്ടപ്പന വില്ലേജ് ഓഫീസില്‍ നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

കൃത്യനിഷ്ഠയാര്‍ന്ന പ്രവര്‍ത്തനം, സുതാര്യ ഇടപെടലുകള്‍, ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, തെരഞ്ഞെടുപ്പ്-സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത നിര്‍വഹണം, റവന്യൂ റിക്കവറി, നികുതി പിരിവ്, പോക്കുവരവ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കാലതാമസം കൂടാതെ എത്തിക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും ഫയല്‍ തീര്‍പ്പാക്കുന്നതിലെ വേഗതയുമാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വില്ലേജ് ഓഫീസര്‍ ജയന്‍ പറഞ്ഞു. സ്‍മാര്‍ട്ട് വില്ലേജ് ഓഫീസ് സംവിധാനത്തിലേക്ക് മാറിയതോടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലെത്താന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റവന്യൂ അവാര്‍ഡ് കട്ടപ്പനയെ തേടിയെത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജയ്‌സണ്‍ ജെ. ഒഴുകയില്‍, അമ്പിളി പി. മോഹനന്‍, എം.ജെ. ജോര്‍ജുകുട്ടി എന്നിവര്‍ക്ക് മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

2010ലെ സെന്‍സസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ വ്യക്തിയാണ് പി.സി. ജയന്‍. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ വിവിധ സെക്ഷനുകളില്‍നിന്നുള്ള ലീസ്, ആര്‍.ആര്‍ കളക്ഷന്‍, പട്ടയ കണക്കുകള്‍, എല്‍.ടി പട്ടയ വിവരങ്ങള്‍, ഐ.ടി. സെല്ലില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കണക്കുകള്‍ എന്നിവ ശേഖരിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രോസ് വെരിഫിക്കേഷന്‍ നടത്തി മാര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ ശേഷമാണ് അവാര്‍ഡ് നല്‍കുന്നത്.

സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ സി.ആര്‍. റെജി, പ്രവീണ പി. സോമന്‍, കെ.കെ. സുനില്‍, വില്ലേജ് അസിസ്റ്റന്റ് രവികുമാര്‍, ടൈപ്പിസ്റ്റ് ശ്രീജേഷ്, ഫീല്‍ഡ് അസിസ്റ്റന്റുമാരായ ആശമോള്‍, രാജേഷ്, ഓഫീസ് അസിസ്റ്റന്റുമാരായ ലിറ്റില്‍ തെരേസ്, അനന്തകൃഷ്ണന്‍, ജീവനക്കാരിയായ മിനി എന്നിവരാണ് ഓഫീസിലെ മറ്റ് ജീവനക്കാര്‍.