പുതുയുഗവും വികസന മുന്നേറ്റവും “തട്ടിപ്പ് യാത്രകൾ” – ബിജെപി
കട്ടപ്പന: ഇടതുപക്ഷവും വലതുപക്ഷവും ജില്ലയിൽ നടത്തുന്ന യാത്രകൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള “തട്ടിപ്പ് യാത്രകൾ” ആണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇടതുപക്ഷത്തിന്റെ വികസന മുന്നേറ്റ യാത്രയിലും പ്രതിപക്ഷത്തിന്റെ പുതുയുഗ യാത്രയിലും ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നേതാക്കൾ എത്തുകയാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ഭരണത്തിലിരുന്നിട്ടും ഇടുക്കിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും, സ്വന്തം പട്ടയഭൂമിയിൽ നിയമാനുസൃതമായി നടത്തിയ നിർമ്മാണങ്ങൾക്കുപോലും ക്രമവൽക്കരണം എന്ന പേരിൽ വലിയ തുക നൽകേണ്ട സാഹചര്യമുണ്ടാക്കിയെന്നും ബിജെപി ആരോപിച്ചു. കട്ടപ്പന ഉൾപ്പെടെയുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പും ഇപ്പോഴും ആവർത്തിക്കുകയാണെന്നും പറഞ്ഞു.
സി.എച്ച്.ആർ മേഖലയിൽ പട്ടയ നടപടികൾ സ്റ്റേ ചെയ്യുന്നതിന് മുമ്പ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ പ്രശ്നം തുടരേണ്ടിവരില്ലായിരുന്നുവെന്നും, ലാൻഡ് രജിസ്റ്ററിൽ ഉണ്ടായ പിഴവുകൾ മൂലം സ്വന്തം ഭൂമിക്ക് അവകാശരേഖ ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ആരോപിച്ചു.
1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയ നടപടികൾ തുടരാൻ ഫെബ്രുവരി 23ന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കുമെന്നതിൽ സംശയമുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പട്ടയ പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് സർക്കാരിന്റെ നീക്കമെന്നും ആരോപിച്ചു.
ഇടുക്കിക്കായി പ്രഖ്യാപിച്ച പാക്കേജിന് ആവശ്യമായ ഗൗരവം സർക്കാർ നൽകിയിട്ടില്ലെന്നും, പ്രഖ്യാപിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവഴിച്ചത് വളരെ കുറവാണെന്നും വിമർശിച്ചു. ബഫർസോൺ പ്രഖ്യാപനം ഉൾപ്പെടെ നിരവധി നടപടികൾ ഇടുക്കിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും, വന്യജീവി ആക്രമണവും തെരുവുനായ പ്രശ്നവും ഉൾപ്പെടെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്നും പറഞ്ഞു.
പ്രതിപക്ഷവും ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കിൽ പട്ടയ പ്രശ്നത്തിന് നേരത്തെ പരിഹാരം കാണാമായിരുന്നുവെന്നും, മുൻ ഭരണകാലത്തെ ഉത്തരവാദിത്തം മറന്നാണ് യുഡിഎഫ് നേതാക്കൾ ഇപ്പോൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്നതെന്നും ബിജെപി ആരോപിച്ചു.
ആരോഗ്യം, ടൂറിസം, തോട്ടം മേഖല, തൊഴിൽ സൃഷ്ടി തുടങ്ങിയ അടിസ്ഥാന മേഖലകളിൽ ദീർഘവീക്ഷണമില്ലാതെ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പി.ആർ. പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും യാത്രകളും മാത്രമാണ് ഇരു മുന്നണികളും നടത്തുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, സി. സന്തോഷ് കുമാർ, രതീഷ് വരകുമല എന്നിവർ പങ്കെടുത്തു.






