കട്ടപ്പന നഗരസഭ : കെട്ടിട വാടക വർധന പുനഃപരിശോധിക്കണം – വ്യാപാരി വ്യവസായി സമിതി
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക അഞ്ച് ശതമാനം വർധിപ്പിക്കാനുള്ള ഭരണസമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭാ അധ്യക്ഷന് നിവേദനം നൽകി.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിലാണ് നഗരസഭ വക കെട്ടിടങ്ങളുടെ വാടക അഞ്ച് ശതമാനം കൂട്ടാൻ തീരുമാനമെടുത്തത്. വ്യാപാര മേഖല വിവിധ പ്രതിസന്ധികളിൽ നിന്ന് കരകയറി വരുന്ന ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികളുടെ മേൽ ഇത്തരത്തിൽ അധികഭാരം ചുമത്തുന്നത് മേഖലയെ തകർക്കുമെന്ന് വ്യാപാരികൾ ആരോപിച്ചു.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ്, കട്ടപ്പന മാർക്കറ്റ് എന്നിവിടങ്ങളിലായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ വർഷംതോറും വാടക വർധന വരുത്തുന്നത് വ്യാപാരികളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നുവെന്നാണ് സമിതിയുടെ ആരോപണം.
വാടക വർധന നടപ്പാക്കുന്നതിനൊപ്പം കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗരസഭ അലംഭാവം കാണിക്കുന്നതായും സമിതി നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ പലവട്ടം നിവേദനം നൽകിയിട്ടും ഉടൻ നടപടി സ്വീകരിക്കാമെന്ന ഉറപ്പുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അവർ പറഞ്ഞു.
വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് നീങ്ങാനാണ് വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.






