ചെറുതോണി കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ഉദ്ഘാടനം ഇന്ന്
ചെറുതോണി കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും രണ്ട് കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന കെഎസ്‌ആർടിസി നാല് ബേ ഗാരേജിന്റെ നിർമ്മാണോദ്ഘാടനവും ഇന്ന് രാവിലെ 10.30ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി K. B. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
ചെറുതോണിയിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ്, റോഡ്, ബസ് ബേ കോൺക്രീറ്റിംഗ്, പുറത്തേക്കുള്ള റോഡിലെ കലുങ്ക് നിർമ്മാണം എന്നിവയ്ക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 1.30 കോടി രൂപയും സംരക്ഷണഭിത്തി നിർമ്മാണത്തിന് ജലവിഭവ വകുപ്പ് മുഖേന 3.40 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്.
പുതിയ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കുന്നതോടെ പത്തിലധികം ഹ്രസ്വ-ദീർഘദൂര സർവീസുകൾ പുതുതായി ആരംഭിക്കാൻ സാധിക്കും. കുമളി–കോയമ്പത്തൂർ, കുമളി–കണ്ണൂർ, കട്ടപ്പന–തിരുവനന്തപുരം സൂപ്പർ ഡീലക്സ് സർവീസുകളുടെയും കട്ടപ്പന–പുൽപ്പള്ളി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കും.






