ഇടുക്കി എംഎൽഎ ഓഫിസിലേക്ക് എൻഡിഎ മാർച്ച്; ഈ മാസം 9 ന് ചെറുതോണിയിൽ

ഇടുക്കി എംഎൽഎ ഓഫിസിലേക്ക് എൻഡിഎ മാർച്ച്; ഈ മാസം  9 ന് ചെറുതോണിയിൽ

ചെറുതോണി: എൻഡിഎയുടെ നേതൃത്വത്തിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് മാർച്ച് 9ന് രാവിലെ 10 മണിക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

മണ്ഡലത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന എംഎൽഎയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുന്നതിനും വികസന മുരടിപ്പിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പ്രാദേശിക ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എൻഡിഎ പ്രവർത്തകർ ഒപ്പുശേഖരണം നടത്തിയിട്ടുണ്ടെന്നും ഈ വിഷയങ്ങൾ മാർച്ചിനിടെ ഉയർത്തിക്കാട്ടുമെന്നും അവർ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ ശേഖരിച്ച ഒപ്പുകൾ പരിപാടിയിൽ ജില്ലാ നേതൃത്വത്തിന് കൈമാറും.

കഴിഞ്ഞ നാല് വർഷവും ഒമ്പത് മാസവും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതിരുന്ന എംഎൽഎ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കിലാണെന്നും സർക്കാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടത്തുന്ന ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടുകളാണെന്നും നേതാക്കൾ ആരോപിച്ചു. പല പദ്ധതികൾക്കും ആവശ്യമായ അനുമതികൾ പോലും ലഭിക്കാതെ ഉദ്ഘാടനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇടുക്കിയിലെ നിർമ്മാണ നിരോധനം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂപതിവ് നിയമ ഭേദഗതിയിലെ രണ്ടാമത്തെ ചട്ടം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും കട്ടപ്പന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് പട്ടയ നടപടികൾ വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി.

സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരിക്കുമ്പോഴും പ്രശ്നം പരിഹരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ലെന്നും ടൂറിസം മേഖലയിലെ പദ്ധതികൾ വാഗ്ദാനങ്ങളിലും ഉദ്ഘാടനങ്ങളിലും മാത്രമായി ഒതുങ്ങുന്നുവെന്നും നേതാക്കൾ വിമർശിച്ചു.

കാൽ നൂറ്റാണ്ടിനിടെ ഇടുക്കി നിയോജകമണ്ഡലത്തിൽ എത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് വിലയിരുത്താൻ അവസരം സൃഷ്ടിക്കാനാണ് എംഎൽഎയുടെ ചെറുതോണി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. എൻഡിഎയുടെ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന മാർച്ചിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് വിസി വർഗീസ്, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, നിയോജകമണ്ഡലം ഇൻചാർജ് രതീഷ് വരകുമല, മണ്ഡലം പ്രസിഡൻറ് ലീന രാജു തുടങ്ങിയവർ പങ്കെടുത്തു.