കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ക്ഷാമം: അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ക്ഷാമം: അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കട്ടപ്പന: ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അവഗണനയ്‌ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരുപതേക്കറിൽ നടന്ന സായാഹ്ന ധർണ്ണ കട്ടപ്പന നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾ മണിക്കൂറുകളോളം ക്യൂയിൽ നിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം അതീവ പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും ആരോപിച്ചു. അത്യാഹിത വിഭാഗത്തിലും രാത്രികാലങ്ങളിലും മതിയായ സേവനം ലഭിക്കാത്തത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താലൂക്ക് ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർ തസ്തികകളിൽ ഉടൻ സ്ഥിരനിയമനം നടത്തണമെന്നും, സ്പെഷ്യാലിറ്റി സൗകര്യങ്ങൾ പേരിൽ മാത്രം ഒതുക്കാതെ പ്രായോഗികമായി നടപ്പിലാക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആരോഗ്യാവകാശങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.