കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ വനിതകൾക്ക് മുൻതൂക്കം; ഒൻപത് പേർ രംഗത്ത്
നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ വനിതകൾക്ക് നൽകിയ പ്രാധാന്യം ശ്രദ്ധേയമാകുന്നു. പുതുമുഖങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന ഒൻപത് വനിതാ സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ അഡ്വ. പി. ഐഷ പോറ്റി മുതൽ മുൻ എം.പി രമ്യ ഹരിദാസ് വരെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ നേതാക്കളാണ് മത്സരരംഗത്ത് എത്തുന്നത്.
കൊല്ലം ജില്ലയിൽ രണ്ട് പ്രധാന മണ്ഡലങ്ങളിൽ വനിതകൾക്ക് അവസരം നൽകിയിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തിൽ മുൻ എം.എൽ.എ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കും.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (എസ്.സി) മണ്ഡലത്തിൽ മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസ് വീണ്ടും ജനവിധി തേടും.
ആലപ്പുഴ ജില്ലയിലെ അരൂരിൽ ഷാനിമോൾ ഉസ്മാനും മാവേലിക്കരയിൽ അഡ്വ. മുത്താര രാജും മത്സരരംഗത്തുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ ഉഷ വിജയനും കോഴിക്കോട് എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ കെ. എ. തുളസിയും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു.
വനിതകൾക്കും യുവാക്കൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ട് ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.






