വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ചു
മാങ്കുളം: പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്ന അപകട മുനമ്പിൽ എത്തിയ യുവാവിനെ സുഹൃത്തും ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. സംഭവം ഇന്നലെ ഉച്ചകഴിഞ്ഞാണ് ഉണ്ടായത്.
കുറത്തിക്കുടി ആദിവാസി ഉന്നതിയിലുള്ള യുവാവാണ് മദ്യലഹരിയിൽ വെള്ളച്ചാട്ടത്തിനരികിലെ വലിയ താഴ്ച്ചയുള്ള അപകട മേഖലയിലേക്ക് എത്തിയത്. പാറക്കെട്ടുകളും വഴുക്കലും നിറഞ്ഞ ഈ പ്രദേശത്ത് നിന്ന് താഴേക്ക് വീണിരുന്നുവെങ്കിൽ ഗുരുതര അപകടം സംഭവിക്കുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തും സ്ഥലത്ത് എത്തിയ മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ അന്തിനാട്ട്, സെബിൻ ചുണ്ടക്കാട്ട്, അലക്സ് പാമ്പുംകയം എന്നിവരും ചേർന്നാണ് യുവാവിനെ അപകട മുനമ്പിൽ നിന്ന് തിരികെ വലിച്ചുകയറ്റി രക്ഷപ്പെടുത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.





