18ാ മത് തേക്കടി പുഷ്പ മേളയ്ക്ക് ഇന്ന് തുടക്കം
3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും
കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18ാമത് തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കല്ലറക്കൽ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. മേയ് 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും.
വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുത്ത കുമളി ട്രൈബൽ യു.പി. സ്‌കൂളിനെ ആദരിക്കും. കൂടാതെ ചിത്രകാരനായ അബ്ദുല്‍ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് ട്രൈബൽ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
33 ദിവസം നീളുന്ന പുഷ്പമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ‘ഉറവിടത്തിൽ തന്നെ മാലിന്യ സംസ്‌ക്കരണം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ചെറിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമായിരിക്കും.
മേളക്കാലത്ത് വിവിധ സ്‌കൂളുകളും കലാസംഘടനകളും ചേർന്ന് ദിവസേന വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് പുഷ്പമേളയുടെ ജനറൽ കൺവീനർമാരായ ടി.ടി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ അറിയിച്ചു.






