പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ; ഇനി ‘ടാക്സ് ഇയർ’ മാത്രം
ന്യൂഡൽഹി: രാജ്യത്ത് നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആദായ നികുതി നിയമം 2025 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. 1961-ലെ പഴയ നിയമത്തിന് പകരമായി ലളിതമാക്കിയ പുതിയ നിയമമാണ് നടപ്പിലാക്കിയത്.
പുതിയ നിയമപ്രകാരം “സാമ്പത്തിക വർഷം”, “അസസ്മെന്റ് വർഷം” എന്നീ ആശയങ്ങൾ ഒഴിവാക്കി ഇനി മുതൽ ‘ടാക്സ് ഇയർ’ എന്ന ഒറ്റ സംവിധാനം മാത്രമാകും നിലനിൽക്കുക. അതായത്, നികുതി ചുമത്തുന്ന വർഷം തന്നെയാണ് ഇനി ടാക്സ് ഇയർ. ഉദാഹരണത്തിന്, 2026–27 വരുമാനത്തിന് ടാക്സ് ഇയർ 2026–27 തന്നെയായിരിക്കും; അസസ്മെന്റ് വർഷം പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല.
നിയമങ്ങൾ ലളിതമാക്കുന്നതിനായി ചട്ടങ്ങളുടെ എണ്ണം 399-ൽ നിന്ന് 190-ആയി കുറച്ചു. ടാക്സ് ഫോമുകളും 511-ൽ നിന്ന് 333-ആയി ചുരുക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതും നികുതിദായകർക്ക് ആശ്വാസകരമാണ്.
പുതിയ നികുതി സംവിധാനത്തിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് വഴി നികുതി ഒഴിവാക്കാം. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000 ആയി നിശ്ചയിച്ചു.
വാടക ആനുകൂല്യമായ HRAയിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയും മെട്രോ നഗരങ്ങളുടെ പട്ടികയിൽ ചേർത്തു. എന്നാൽ HRA ക്ലെയിം ചെയ്യാൻ വാടക രസീതുകളും വീട്ടുടമയുടെ PAN വിവരങ്ങളും നിർബന്ധമാക്കി.
തൊഴിലുടമ നൽകുന്ന ഭക്ഷണത്തിനുള്ള നികുതിയിളവ് പ്രതിദിനം ₹50-ൽ നിന്ന് ₹200 ആയി വർധിപ്പിച്ചു. സമ്മാനങ്ങൾക്കുള്ള നികുതിയിളവ് പരിധിയും ₹5,000-ൽ നിന്ന് ₹15,000 ആയി ഉയർത്തി.
വാഹനാപകട നഷ്ടപരിഹാരത്തിന് ഇനി നികുതി ബാധകമല്ല. അതേസമയം, ₹10 ലക്ഷം മുകളിലുള്ള ക്യാഷ് നിക്ഷേപം, ₹5 ലക്ഷം മുകളിലുള്ള വാഹന വാങ്ങൽ, ₹20 ലക്ഷം മുകളിലുള്ള സ്വത്ത് ഇടപാടുകൾ എന്നിവയ്ക്ക് PAN നിർബന്ധമാക്കി.
പുതിയ ഫോമുകളുടെ ഭാഗമായി, ശമ്പളക്കാർക്ക് നൽകുന്ന TDS സർട്ടിഫിക്കറ്റ് ആയ ഫോം 16-ന് പകരം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം 130 അവതരിപ്പിച്ചു.
പാൻ കാർഡ് അപേക്ഷയ്ക്കും പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമായിരിക്കുമ്പോൾ, ആധാർ കാർഡ് മാത്രം മതിയാകില്ല.
ആദായ നികുതിയോടൊപ്പം ബാങ്ക് എടിഎം ചാർജുകളിലും റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമം നികുതി സംവിധാനത്തെ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതാണ് ലക്ഷ്യമിടുന്നത്.






