വോട്ടിംഗ് മെഷീൻ തകരാർ; ജില്ലയിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി
ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ചില ബൂത്തുകളിൽ വൈകിയാണ് ആരംഭിച്ചത്. പല സ്ഥലങ്ങളിലും പോളിംഗ് ഇടയ്ക്കിടെ തടസപ്പെടുകയും പിന്നീട് പരിഹരിച്ച് പുനരാരംഭിക്കുകയും ചെയ്തു.
അറക്കുളം പതിപ്പള്ളി ട്രൈബൽ യു.പി സ്കൂളിൽ 23 വോട്ടുകൾ രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീൻ തകരാറിലായത്. തുടർന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
തൊടുപുഴ നഗരത്തിൽ നാലിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലെ 115-ാം നമ്പർ പിങ്ക് ബൂത്തിൽ മോക്ക് പോളിംഗിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. എ.പി.ജെ അബ്ദുൾ കലാം സ്കൂളിലും സമാന പ്രശ്നം റിപ്പോർട്ട് ചെയ്തു. വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ 90-ാം നമ്പർ ബൂത്തിൽ ഉണ്ടായ തകരാർ ഉടൻ പരിഹരിച്ചു.
തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താത്ത പ്രശ്നം വോൾട്ടേജ് ക്ഷാമം മൂലമാണെന്ന് കണ്ടെത്തി, ഉടൻ പരിഹരിച്ചു.
കരിമണ്ണൂർ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ യന്ത്ര തകരാർ മൂലം പോളിംഗ് താൽക്കാലികമായി തടസപ്പെട്ടു. ഹോളി ഫാമിലി എൽ.പി സ്കൂളിലെ 66-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിക്കാൻ 40 മിനിറ്റ് വൈകി. കരിമണ്ണൂർ ഗവ. യു.പി സ്കൂളിലെ 64-ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് രണ്ടോടെ യന്ത്രം തകരാറിലായി, ഏകദേശം ഒരു മണിക്കൂർ വോട്ടെടുപ്പ് തടസപ്പെട്ടു.
ഉടുമ്പൻചോല മണ്ഡലത്തിൽ മോക്ക് പോളിംഗിനിടെ കണ്ടെത്തിയ എട്ട് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചതിനാൽ സമയബന്ധിതമായി വോട്ടെടുപ്പ് ആരംഭിക്കാൻ സാധിച്ചു. പിന്നീട് വിവിധ ബൂത്തുകളിൽ വി.വി.പി.എ.ടി, കൺട്രോൾ യൂണിറ്റ് തകരാറുകൾ റിപ്പോർട്ട് ചെയ്തു. ചില സ്ഥലങ്ങളിൽ യന്ത്രങ്ങൾ ഒന്നിലധികം തവണ മാറ്റിസ്ഥാപിക്കേണ്ടി വന്നു.
പനച്ചിക്കുഴി, പട്ടം മെമ്മോറിയൽ സ്കൂൾ ബാലഗ്രാം, തേർഡ് ക്യാമ്പ്, വണ്ടൻമേട് എന്നിവിടങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത സമയങ്ങളിൽ യന്ത്ര തകരാറുകൾ കണ്ടെത്തി. ദേവികുളം മണ്ഡലത്തിലെ മുതിരപ്പുഴ, മുനിയറ ബൂത്തുകളിലും ഇടുക്കി മണ്ഡലത്തിലെ ഇടുക്കിക്കവല ട്രൈബൽ സ്കൂളിലും അണക്കരയിലും തകരാറുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉടൻ പരിഹരിച്ചു.
പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലും രണ്ടിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി.





