മദ്യലഹരിയിൽ മകനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ
ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പിടികൂടിയത്.
പതിനഞ്ചുകാരനായ മകനെയാണ് ഇയാൾ മർദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നജീബിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നു മർദ്ദനമെന്നത് പോലീസ് സ്ഥിരീകരിച്ചു. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതരും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.





