നിതിൻ രാജിന്റെ മരണം : 28 ന് ഹർത്താൽ

ഐക്യദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി കോ-ഓർഡിനേഷൻ കമ്മിറ്റി

നിതിൻ രാജിന്റെ മരണം : 28 ന് ഹർത്താൽ

കട്ടപ്പന: കണ്ണൂർ അഞ്ചരകണ്ടി കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ നേതൃത്വം നൽകുന്ന ജനകീയ ഹർത്താലിന് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി കോ-ഓർഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

28-ാം തീയതി രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്.

നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്യുക, കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കങ്ങൾ അവസാനിപ്പിക്കുക, എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക, ബന്ധപ്പെട്ട ദന്തൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റാരോപിതരായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുമാണെന്ന് സംഘടനകൾ ആരോപിച്ചു.

ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു, ജനറൽ സെക്രട്ടറി വി.എസ്. ശശി, മോബിൻ ജോണി, കെ.ആർ. രാജൻ, ഷാജി പാണ്ടിയാൻമാക്കൽ, തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പിൽ, ബിജു പൂവത്താനി, സന്ധ്യ എസ്, സുബാഷ് എട്ടുപടവിൽ തുടങ്ങിയവർ പങ്കെടുത്തു.