അവധിക്കാലത്തും സേവനപാതയിൽ എൻ.എസ്.എസ് വാളണ്ടിയർമാർ
അടിമാലി: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. മദ്ധ്യവേനലവധി ആരംഭിച്ചതോടെ വിദ്യാർത്ഥികൾ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി.
അടിമാലി താലൂക്ക് ആശുപത്രി, ദേവിയാർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കിടപ്പിലായ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ വളണ്ടിയർമാർ സജീവ പങ്കാളിത്തം വഹിക്കുന്നു. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായങ്ങൾ നൽകുന്നതിനൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുന്നു.
ഇതിനൊപ്പം ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാകാനും വളണ്ടിയർമാർ സമയം കണ്ടെത്തുന്നു. പഠനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള പിന്തുണയിലൂടെ ഇവരിൽ ഒരാളായി മാറുകയാണ് എൻ.എസ്.എസ് അംഗങ്ങൾ.
‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
സ്കൂൾ പ്രിൻസിപ്പൽ എം.എസ് അജി, പ്രോഗ്രാം ഓഫീസർ ബി. അജയ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ, അനീസ് സണ്ണി, സ്മിത ഇ.വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


