സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, രണ്ടു ജില്ലകളിൽ അവധി
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
താപനില 40 ഡിഗ്രിവരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
ഒരു മേഖലയിലെ രണ്ട് സ്ഥലങ്ങളിൽ സാധാരണയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിലധികം താപനില ഉയരുന്ന അവസ്ഥയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിലധികമോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിലധികമോ താപനില തുടർച്ചയായി രണ്ടുദിവസം രേഖപ്പെടുത്തിയാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കും.
കേരളത്തിൽ ഇത്തരത്തിലുള്ള സാഹചര്യം അപൂർവമാണ്. 2016ൽ പാലക്കാട്, തൃശൂർ ജില്ലകളിലും 2024ൽ പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ, ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്നാണ് പ്രവചനം. തുടർന്ന് ദിവസങ്ങളിലും മഴ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 26 വരെ 12 ജില്ലകളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രിവരെ ഉയർന്നിരിക്കുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.


