വൈദ്യുതി പ്രതിസന്ധി, വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ഉപയോഗം വെല്ലുവിളിയാകുന്നു..

വൈദ്യുതി പ്രതിസന്ധി, വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ഉപയോഗം വെല്ലുവിളിയാകുന്നു..

കട്ടപ്പനയിൽ വൈദ്യുതി ലാഭിക്കാനുള്ള നിർദേശം: വ്യാപാരികളോട് സഹകരണം അഭ്യർത്ഥിച്ച് വ്യാപാരി വ്യവസായി  സമിതി

കനത്ത വേനലിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികൾ ജനങ്ങളെ നിരന്തരം ബോധവൽക്കരിച്ചുവരികയാണ്.

ഇത്തരത്തിൽ വൈദ്യുതി സംരക്ഷണം അത്യാവശ്യമായ സാഹചര്യത്തിൽ, വ്യാപാര സ്ഥാപനങ്ങളിൽ

രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സൈൻബോർഡ് ലൈറ്റുകൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന ആശങ്ക ഉയരുന്നു. പല സ്ഥാപനങ്ങളിലും ബോർഡുകളിലെ ലൈറ്റുകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.കട്ടപ്പന നഗരത്തിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. രാത്രി മുഴുവൻ അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും സൈൻബോർഡുകളും വൈദ്യുതി നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഇത്തരം സാഹചര്യത്തിൽ, വൈദ്യുതി ലാഭിക്കാനുള്ള നടപടികളിൽ വ്യാപാരികൾ സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായ ലൈറ്റുകൾ രാത്രി സമയങ്ങളിൽ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ക്ഷാമം കുറയ്ക്കാൻ സഹായകരമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി വ്യാപാരികൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സമിതി അഭ്യർത്ഥിച്ചു.