കുടിവെള്ള ഹോസിൽ പാമ്പ്; മുറ്റത്ത് കളിച്ചിരുന്ന വിദ്യാര്‍ഥിക്ക് കടിയേറ്റു
ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകന്‍ അജയ്‌ക്ക് (13) ആണ് പാമ്പുകടിയേറ്റത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്.
കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


