വേനൽമഴ : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനിടെ ഇടുക്കി ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങൾക്ക് കാരണമായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര പറന്നുപോകുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.


