മിൽമ പാൽ വില ലീറ്ററിന് ₹4 വരെ ഉയരും; മേയ് 6ന് ശേഷം പ്രഖ്യാപനം

മിൽമ പാൽ വില ലീറ്ററിന് ₹4 വരെ ഉയരും; മേയ് 6ന് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: മിൽമ പാൽ വില ലീറ്ററിന് ₹4 വരെ വർധിപ്പിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വില വർധനവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. മേയ് 6ന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

പുതുക്കിയ വില അടുത്ത മാസം 20ഓടെ പ്രാബല്യത്തിൽ വരുത്താനാണ് ആലോചന. പാൽ വില ലീറ്ററിന് ₹4 മുതൽ ₹6 വരെ വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശയ്ക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് യോഗത്തിൽ തീരുമാനം എടുത്തത്.

അടുത്ത ബോർഡ് യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മിൽമ ചെയർമാൻ കെ. എസ്. മണി അറിയിച്ചു.

അതേസമയം, പാൽവില വർധനവ് ആറുമാസം മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും രാഷ്ട്രീയ കാരണങ്ങളാൽ പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.