ഹൈറേഞ്ച്–ലോ റേഞ്ച് ലിങ്ക് പാത: വികസനസമിതി രൂപീകരണ യോഗം നാളെ

ഉടുമ്പന്നൂര്‍-ചെറുതോണി തുരങ്കപാത എന്ന ആവശ്യവും ശക്തം

ഹൈറേഞ്ച്–ലോ റേഞ്ച് ലിങ്ക് പാത: വികസനസമിതി രൂപീകരണ യോഗം നാളെ

ഹൈറേഞ്ചിൽ നിന്ന് ലോ റേഞ്ചിലേക്കുള്ള ലിങ്ക് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈവേ വികസനസമിതി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ സമിതി രൂപീകരണ യോഗം നടക്കും.

മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ നിർമാണം മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ മികച്ച രീതിയിൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി–കോട്ടക്കവല വരെ ഉള്ള കോട്ടപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായിരുന്നതിനാൽ പദ്ധതിക്ക് തടസമായി. ഇവരിൽ പലർക്കും പട്ടയം ലഭിച്ചിരുന്നു. ഈ സ്ഥലം തിരിച്ചെടുത്ത് അതിരുകൾ കല്ലിട്ട് അടയാളപ്പെടുത്താൻ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനെ തുടർന്ന് റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലമളന്ന് നടപടി പൂർത്തിയാക്കി.

അടുത്ത ഘട്ടമായി പെരുമാങ്കണ്ടം മുതൽ ഉടുമ്പന്നൂർ വരെയുള്ള നിർമാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി–വാഴത്തോപ്പ്–ചെറുതോണി വഴിയായിരുന്നു പാതയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ഇത് പിന്നീട് ചീനിക്കുഴി–പാറമട–ഇടുക്കി വഴിയായി മാറ്റുകയായിരുന്നു.

ഉടുമ്പന്നൂർ മുതൽ ചെറുതോണി വരെ തുരങ്കപാത നിർമ്മിക്കാനായാൽ ദൂരം എട്ട് കിലോമീറ്ററായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ലോ റേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും. വയനാട് തുരങ്കപാതയുടെ മാതൃകയിൽ പദ്ധതി നടപ്പാക്കാനായാൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ.

ബോറിംഗ് മെഷീനുകളുടെ ഉപയോഗത്തോടെ തുരങ്കപാത നിർമാണം വേഗതയേറിയതും ചെലവ് കുറഞ്ഞതുമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

നാളെ നടക്കുന്ന യോഗത്തിൽ കോടിക്കുളം പള്ളിവികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ–തേനി ഹൈവേ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം നിർവഹിക്കും.

ജില്ല, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സമുദായ സംഘടനകൾ, വ്യാപാരികൾ എന്നിവരും പങ്കെടുക്കും. ജിജോ പനച്ചിനാനി, ജോൺസൺ മൂലയിൽ, മാത്യു കാപ്പൻ, കുര്യാക്കോസ് തറയിൽ, റോബിൻ തോയലിൽ, ടി.ഒ. റാഫേൽ എന്നിവർ നേതൃത്വം നൽകും.