കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു
കട്ടപ്പന ഫെസ്റ്റ് 2K26യ്ക്ക് ആവേശകരമായ തുടക്കമായി. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ കൗൺസിലർ വി.ആർ. സജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, മറ്റ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
30,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങിയ ഫെസ്റ്റ് നഗരം കാഴ്ചകളുടെയും വിനോദങ്ങളുടെയും അത്ഭുതലോകമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ സജ്ജമാക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, വിസ്മയകരമായ മത്സ്യകന്യക ഷോ, ആവേശം പകരുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ പ്രധാന ആകർഷണങ്ങളാണ്.
രുചിഭേദങ്ങളുടെ വൈവിധ്യവുമായി മെഗാ ഫുഡ് കോർട്ടും അപൂർവ പക്ഷികളുമായി ലൈവ് ബേർഡ് ഷോയും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. ദിവസേന നടക്കുന്ന സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് ആവേശം കൂട്ടും.
ഇന്ന് വൈകീട്ട് 7.30 മുതൽ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ഫക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് വിത്ത് ഫോം പാർട്ടി അരങ്ങേറും. മെയ് 9-ന് വൈകീട്ട് 7.30ന് Idea Star Singer ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.
മെയ് 14-ന് പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും, മെയ് 16-ന് നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ് മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.


