സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇന്നുമുതൽ മെയ് 13 വരെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മന്നാർ ഉൾക്കടലിനും സമീപ ശ്രീലങ്കൻ തീരപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 11ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപ്-കേരള തീരപ്രദേശങ്ങൾക്കും മുകളിലായും ചക്രവാതച്ചുഴി സജീവമാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ മെയ് 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള യെല്ലോ അലർട്ട്
10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
12/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
13/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ


