എസ്.എസ്.എല്‍.സി : ഇടുക്കിയില്‍ 99.28 ശതമാനം വിജയം
ഇടുക്കി ജില്ലയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയശതമാനം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458 പേരും 6102 പേരും വിജയിച്ചു.
ജില്ലയില്‍ 539 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 വിദ്യാര്‍ഥികള്‍ (88 ആണ്‍കുട്ടികള്‍, 180 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 271 പേര്‍ (88 ആണ്‍കുട്ടികള്‍, 183 പെണ്‍കുട്ടികള്‍) ഈ നേട്ടം സ്വന്തമാക്കി.
വിജയശതമാനത്തില്‍ സംസ്ഥാനത്ത് 10-ാം സ്ഥാനത്താണ് ഇടുക്കി ജില്ല. കഴിഞ്ഞ വര്‍ഷം ജില്ല ഏഴാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ വിജയശതമാനത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 99.58 ശതമാനവും, 2024ല്‍ 99.68 ശതമാനവും, 2023ല്‍ 99.79 ശതമാനവുമായിരുന്നു വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 1272 പേര്‍ക്കും 2024ല്‍ 1573 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നപ്പോള്‍, ഇത്തവണ അത് 539 ആയി കുറഞ്ഞു.
നൂറുമേനി വിജയം നേടിയ 125 സ്കൂളുകള്‍
ജില്ലയില്‍ 125 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 64 സർക്കാർ സ്കൂളുകളും, 53 എയ്ഡഡ് സ്കൂളുകളും, 8 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 138 സ്കൂളുകളും 2024ല്‍ 145 സ്കൂളുകളും നൂറുമേനി വിജയം നേടിയിരുന്നു.
സർക്കാർ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്.എസ്.എസിലായിരുന്നു. 256 പേര്‍ പരീക്ഷയെഴുതിയതില്‍ 255 പേര്‍ വിജയിച്ചു. 10 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
എയ്ഡഡ് സ്കൂളുകളില്‍ കരിമണ്ണൂര്‍ എസ്.ജെ.എച്ച്.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 345 പേരില്‍ 343 പേര്‍ വിജയിക്കുകയും 32 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
അണ്‍എയ്ഡഡ് സ്കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 95 പേരും വിജയിച്ചു.
സർക്കാർ സ്കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്.എസിലായിരുന്നു. പരീക്ഷയെഴുതിയ ആറുപേരും വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ മുക്കുളം എസ്.ജി.എച്ച്.എസിലും അണ്‍എയ്ഡഡ് സ്കൂളുകളില്‍ നെടുങ്കണ്ടം എസ്.ഡി.എ.ഇ.എച്ച്.എസിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഈ സ്കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.


