പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം ; വിഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
വിഡി സതീശനൊപ്പം 20 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്ത് രൂപംകൊള്ളുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ 20 അംഗ മന്ത്രിസഭയുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർക്ക് ഇന്നലെ ഔദ്യോഗികമായി കൈമാറി. തിരുവനന്തപുരത്തെ രാജ്ഭവനിലെത്തി പട്ടിക സമർപ്പിച്ച ശേഷമാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
ഇന്ന് രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുൾപ്പെടെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മന്ത്രിസഭാ രൂപീകരണ നടപടികളിലൊന്നാണിതെന്നും വിവിധ ഘടകകക്ഷി നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിമിതമായ അവസരങ്ങൾ കാരണം അർഹതയുള്ള പല നേതാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നതിൽ വിഷമമുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി തുറന്നുപറഞ്ഞു. വിവിധ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക അന്തിമമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും നിന്നുള്ള പ്രമുഖർ ഇടംപിടിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, മോൻസ് ജോസഫ്, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളാകും.
നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ നെയും നിശ്ചയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകുമെന്നും സതീശൻ അറിയിച്ചു.
പ്രധാന വകുപ്പുകൾ ഇങ്ങനെ
മുഖ്യമന്ത്രി വി.ഡി. സതീശൻ — ധനകാര്യവും തുറമുഖവും
രമേശ് ചെന്നിത്തല — ആഭ്യന്തരവും വിജിലൻസും
സണ്ണി ജോസഫ് — റവന്യൂ
കെ. മുരളീധരൻ — വൈദ്യുതി
പി.സി. വിഷ്ണുനാഥ് — ടൂറിസവും സാംസ്കാരികവും
എ.പി. അനിൽകുമാർ — ആരോഗ്യം
സി.പി. ജോൺ — ഗതാഗതം
ഒ.ജെ. ജനീഷ് — യുവജനക്ഷേമം
ടി. സിദ്ദിഖ് — വനം
ബിന്ദു കൃഷ്ണ — വനിതാ-ശിശുക്ഷേമം
എം. ലിജു — എക്‌സൈസും സഹകരണവും
രാജ്ഭവന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.


