വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു

വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു

ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷനായ യോഗം വിലയിരുത്തി.

ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു.

വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ. ആശ യോഗത്തില്‍ വിശദീകരിച്ചു.

താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.