വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ

വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ

വിജ്ഞാനത്തിലും നൈപുണ്യത്തിലും വിശ്വസാഹോദര്യത്തിലും ഉന്നതമായ മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്ന മനുഷ്യസമൂഹത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസധാരയെ വളർത്തുന്നതിനൊപ്പം ഗുരുക്കന്മാർ ലോകത്തിന് നൽകിയ ദർശനങ്ങളും സന്ദേശങ്ങളും സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലനാട് യൂണിയനിലെ ബാലജനയോഗം അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച വിദ്യാർത്ഥികളിൽ ഉണ്ടാകണമെന്നും ലോകത്ത് വർധിച്ചുവരുന്ന നശീകരണ പ്രവണതകളെയും മൂല്യച്യുതികളെയും അതിജീവിക്കാൻ ഗുരുദേവ സന്ദേശങ്ങൾ വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം വിദ്യാഭ്യാസ പ്രക്രിയയെന്നും കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ബാലജനയോഗം ക്ലാസുകളിലൂടെ നടത്തുന്നതെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ ജീവിതവ്രതമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

38 ശാഖകളിൽ നിന്നായി 208 അധ്യാപകർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ സംസാരിച്ചു.

ബാലജനയോഗം കുട്ടികൾക്കായി തയ്യാറാക്കിയ പാഠാവലികളും ഒരു വർഷത്തെ പ്രവർത്തനരേഖയും ആസ്പദമാക്കി പച്ചടി എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും ആസൂത്രണ ചർച്ചകളും നടന്നു.ബാലജനയോഗം പ്രവേശനോത്സവം ജൂൺ 7ന് എല്ലാ ശാഖായോഗങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.