മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് മഹാത്മഗാന്ധി സർവകലാശാല
മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്ക് മഹാത്മഗാന്ധി സർവകലാശാലയുടെ ഡി.ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ചു. മഹാത്മഗാന്ധി സർവകലാശാലയുടെ ഒൻപതാമത് പ്രത്യേക ബിരുദദാനച്ചടങ്ങിലാണ് മമ്മൂട്ടിക്ക് ഈ ബഹുമതി സമ്മാനിച്ചത്.
സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ചാണ് സർവകലാശാലയുടെ പരമോന്നത ബഹുമതികളിലൊന്നായ ഡി.ലിറ്റ് നൽകി ആദരിച്ചത്.
ചടങ്ങിൽ പ്രശസ്ത നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും ഡി.ലിറ്റ് ബിരുദം നൽകി. പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ. എൻ. രാധാകൃഷ്ണന് ഡി.എസ്‌സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദവും സമ്മാനിച്ചു.
സർവകലാശാല പ്രോ-ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ, മഹാത്മാ ഗാന്ധി സർവകാലശാല വൈസ് ചാൻസലർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.




