പ്ലസ്ടുവിന് ഫുൾ മാർക്ക് നേട്ടവുമായി മെഹറിൻ ഫാത്തിമ
ജില്ലയിൽ മുഴുവൻ മാർക്കും കിട്ടിയ ഏക വിദ്യാർഥിനി
സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ എം.എ. മെഹറിൻ ഫാത്തിമ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ 1200ൽ 1200 മാർക്കും നേടി ജില്ലയിലെ ഏക ഫുൾ മാർക്ക് ജേതാവായി.
ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ചിട്ടയായ പഠനം നടത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മെഹറിൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശക്തമായ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും അവൾ വ്യക്തമാക്കി.
സെന്റ് ജോസഫ്സിൽ തന്നെയാണ് മെഹറിൻ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു. തുടർപഠനമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മെഹറിന്റെ ആഗ്രഹം.
മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാരിമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ സജീനയുടെയും മകളാണ് മെഹറിൻ. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെഫ്രീൻ ഫാത്തിമയാണ് സഹോദരി.
ഗ്രേസ് മാർക്ക് ഇല്ലാതെയാണ് മെഹറിൻ 1200 മാർക്കും സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയെ സ്കൂൾ മാനേജർ ഡോ. ജോസഫ് കൊച്ചുപറമ്പിലും പ്രിൻസിപ്പൽ ബിസോയ് ജോർജും അഭിനന്ദിച്ചു.




