ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്
പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി: വന്യജീവി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്നതിന് പ്രധാന കാരണം ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ 12 വർഷത്തിനിടെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയതിന്റെ ആഘോഷ പരിപാടികൾക്കാണ് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കാര്യാലയമായ അരവിന്ദത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് രജ്ഞിത്ത് കാലാച്ചിറ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബിനു അനാമിക, വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എസ്. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.


