പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം; സാഫിന്റെ വ്യത്യസ്ത സമരം
കഞ്ഞിക്കുഴി: ലോക പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തുമ്പോൾ, ഇടുക്കി സോഷ്യൽ അവയർനസ് ആൻഡ് ആക്ഷൻ ഫോറത്തിന്റെ (സാഫ്) നേതൃത്വത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖല വനവൽക്കരിക്കാനുള്ള കപട പരിസ്ഥിതിവാദികളുടെയും വനം വകുപ്പിന്റെയും നീക്കങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് സാഫ് പ്രവർത്തകർ ആരോപിച്ചു.
ഹൈറേഞ്ചിൽ കർഷകർ സ്വന്തം ഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ പോലും മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഇത്തരം നടപടികൾ ഹൈറേഞ്ച് ജനതയെ അവരുടെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.
സാഫ് പ്രസിഡന്റ് സിബി ആർക്കാട്ട്, സെക്രട്ടറി റ്റിജോ പി. ജോയി, ബൈജു എഴുത്തുപള്ളി, ജോസഫ് അനുഗ്രഹ, അബ്ദുൾ അസിസ്, സുനോജ് കെ.എസ്., അഷറഫ് ഖാദർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ഹൈറേഞ്ചിലെ ഭൂമി, വനനിയമങ്ങൾ, കർഷക അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവരാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് പ്രവർത്തകർ അറിയിച്ചു.


