എം.ജി. സർവകലാശാല ബിരുദ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.കൂടുതൽ അറിയാം...
മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള (CAP) ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് പ്രവേശനം ഉറപ്പാക്കണമെന്ന് സർവകലാശാല അറിയിച്ചു.
അപേക്ഷകർ അപേക്ഷ നമ്പർ യൂസർ ഐഡിയായി ഉപയോഗിച്ച് CAP അക്കൗണ്ടിൽ ലോഗിൻ ചെയ്ത്, തങ്ങളുടെ ഓപ്ഷനുകൾക്കെതിരെ കോളേജുകൾ രേഖപ്പെടുത്തിയിട്ടുള്ള Willingness പരിശോധിക്കണം. ലഭ്യമായ Willingnessകളിൽ ഏറ്റവും അഭികാമ്യമായ കോളേജ്–കോഴ്‌സ് കോമ്പിനേഷൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും സ്വീകരിക്കുകയും വേണം.
Willingness സ്വീകരിച്ച ശേഷം സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ജനറൽ വിഭാഗം വിദ്യാർത്ഥികൾ ₹1,695 ഉം എസ്.സി./എസ്.ടി. വിഭാഗം വിദ്യാർത്ഥികൾ ₹50 ഉം ഫീസായി അടയ്‌ക്കേണ്ടതാണ്. തുടർന്ന് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ എല്ലാ അസൽ രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശന നടപടികൾ പൂർത്തിയാക്കണം. പ്രവേശനത്തിനുശേഷം കോളേജിൽ നിന്ന് സ്ഥിരീകരണ സ്ലിപ്പ് (Confirmation Slip) കൈപ്പറ്റേണ്ടതുമാണ്.
താൽക്കാലിക പ്രവേശനത്തിന് ഇത്തവണ സംവിധാനമില്ലെന്നും എല്ലാ പ്രവേശനങ്ങളും സ്ഥിരപ്രവേശനങ്ങളായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. കോളേജുകൾ രേഖപ്പെടുത്തുന്ന Willingness 24 മണിക്കൂർ മാത്രമേ സജീവമായിരിക്കൂ. അതിനാൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും അഭികാമ്യമായ ഓപ്ഷൻ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ടതാണ്.
സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത വിദ്യാർത്ഥികൾക്ക് ജൂൺ 22 വരെ കോളേജിൽ പ്രവേശനം നേടാം. നിലവിലെ റാങ്ക് ലിസ്റ്റിനും ജൂൺ 22 വരെ മാത്രമേ പ്രാബല്യമുള്ളൂ. തുടർന്ന് രണ്ടാം അലോട്ട്മെന്റിനായുള്ള പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
കോളേജ്–കോഴ്‌സ് കോമ്പിനേഷൻ അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം Willingness സ്വീകരിക്കേണ്ടത് നിർബന്ധമല്ല. എന്നാൽ ഒരിക്കൽ Willingness സ്വീകരിച്ച് സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്താൽ പിന്നീട് അത് മാറ്റാൻ സാധിക്കില്ല. ഫീസ് അടയ്ക്കുന്നതിന് മുമ്പ് Willingness റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട കോളേജിലേക്ക് ഇ-മെയിൽ അയച്ച് റദ്ദാക്കൽ അഭ്യർഥന സമർപ്പിക്കണമെന്നും കോളേജുമായി നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.



